വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, കടുത്ത ഭീഷണിയുമായി ബ്രസീലിയൻ മോഡൽ അമാൻഡ ഉംഗാരോ. മെലാനിയയുടെ " രഹസ്യ ബന്ധങ്ങൾ" തനിക്കറിയാമെന്നും എല്ലാം പരസ്യമാക്കുമെന്നുമാണ് അമാൻഡയുടെ മുന്നറിയിപ്പ്.
ബ്രസീലിൽ നിന്നുള്ള മോഡലായ അമാൻഡ, ട്രംപിന്റെ അടുത്ത സുഹൃത്തും മെലാനിയയെ അമേരിക്കയിലേക്ക് കൊണ്ടുവന്നയാളുമായ മോഡലിംഗ് ഏജന്റ് പൗലോ സാംപോളിയുടെ മുൻ പങ്കാളിയാണ്. സാംപോളിയുമായുള്ള ബന്ധം വഴി ഏകദേശം 20 വർഷത്തോളം ട്രംപ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ഇവർ.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾക്കിടെ, തനിക്ക് എപ്സ്റ്റീനെ അറിയില്ലെന്നും ഒരിക്കൽ പോലും അദ്ദേഹത്തിന്റെ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലെന്നും മെലാനിയ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അമാൻഡ പ്രതികരിച്ചത്.
17-ാം വയസ്സിൽ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ താൻ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മോഡലിംഗ് ശൃംഖലയുടെ ഇരയായിരുന്നു താനെന്നും അമാൻഡ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2025ൽ മിയാമിയിൽ വെച്ച് അനധികൃത കോസ്മെറ്റിക് ക്ലിനിക്ക് നടത്തിയതിന് അമാൻഡ അറസ്റ്റിലായിരുന്നു. ഇതിനുശേഷം ഇവരെ ബ്രസീലിലേക്ക് നാടുകടത്താൻ ഉത്തരവിട്ടിരുന്നു.